രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്‌റ്റ് തടഞ്ഞ് ഹൈക്കോടതി. പേരു പോലും ഇല്ലാതെ രണ്ടാമത്തെ കേസിലും മുൻകൂർ ജാമ്യ ഹർജി നൽകി രാഹുൽ

Share

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്‌റ്റ് താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി. രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യഹർജിയിലാണ് കോടതിയുടെ നിർദേശം. കേസ് പരിഗണിക്കുന്ന ഈ മാസം 15 വരെയാണ് ജസ്റ്റിസ് കെ.ബാബു അറസ്‌റ്റ് തടഞ്ഞിരിക്കുന്നത്. കേസിൽ വിശദമായി വാദം കേൾക്കണമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്

കോടതി ചേർന്നയുടൻ രാഹുലിന്റെ അഭിഭാഷകൻ മുൻകൂർ ജാമ്യത്തിന്റെ കാര്യം ജസ്റ്റിസ് കെ.ബാബുവിന്റെ ശ്രദ്ധയിൽപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് കുറെയേറെ കാര്യങ്ങൾ തങ്ങൾക്ക് ബോധിപ്പിക്കാനുണ്ടെന്ന് അഭിഭാഷകൻ വ്യക്‌തമാക്കി. തുടർന്ന് കേസിൽ വിശദമായി വാദം കേൾക്കാൻ കോടതി തീരുമാനിക്കുകയായിരുന്നു. കേസ് 15ന് പരിഗണിക്കാമെന്നും അതുവരെ അറസ്‌റ്റ് ചെയ്യരുതെന്നും കോടതി നിർദേശിക്കുകയും ചെയ്തു.

പരാതിക്കാരിയുടെ പേരു പോലും ഇല്ലാതെ ലഭിച്ച ഇമെയിലിന്റെ അടിസ്ഥാനത്തിലാണ് രണ്ടാമത്തെ കേസെടുത്തിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയാണ് ജാമ്യഹർജി നൽകിയിരിക്കുന്നത്. ആദ്യകേസിൽ അറസ്‌റ്റ് തടഞ്ഞതോടെ രണ്ടാമത്തെ കേസിൽ കുടുക്കാനുള്ള നീക്കങ്ങൾ പൊലീസ് നടത്തുമ്പോഴാണ് രാഹുൽ ജാമ്യഹർജി നൽകിയിരിക്കുന്നത്.

 

Recent News

Back to Top