മനുഷ്യനെ കണ്ടെത്തിയ ശ്രേഷ്ഠകവിയാണ് വയലാർ: രാജ് മോഹൻ ഉണ്ണിത്താൻ എം പി. ക്രിയേറ്റീവ് കാഞ്ഞങ്ങാട് നടത്തിയ വയലാർ അനുസ്മരണവും വയലാർ കവിതാ പുരസ്കാര സമർപ്പണവും പ്രൗഢമായി

കാഞ്ഞങ്ങാട് : മനുഷ്യനെ കണ്ടെത്തിയ ശ്രേഷ്ഠകവിയാണ് വയലാർ എന്നും മനുഷ്യനും ദൈവവും ഒന്നാണെന്ന് എല്ലാ കാലത്തും നമ്മെ ബോധ്യപ്പെടുത്തിയ നിസ്തുലകവിതകളുടെ ഉടമയാണ് വയലാർ എന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.ക്രിയേറ്റീവ് കാഞ്ഞങ്ങാട് സംഘടിപ്പിച്ച അൻപതാമത് വയലാർ സ്മൃതി ദിനത്തിൽ അനുസ്മരണഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.മലയാള സിനിമാശാഖയ്ക്ക് ചന്ദ്രകളഭം ചാർത്തിയ വയലാർ ഓരോ മനുഷ്യനേയും ഇനിയൊരു ജന്മം കൂടി ജനിക്കാൻ പ്രേരിപ്പിച്ച കാവ്യപുരുഷനാണ്.ചക്കരപ്പന്തലിൽ തേന്മഴ ചൊരിയുന്ന കവിതകൾ സമ്മാനിച്ച ശ്രേഷ്ഠകവി മലയാളഭാഷയുടെ സൗന്ദര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മലയാളത്തിന്റെ അനശ്വര കവി വയലാർ രാമവർമ്മയുടെ 50 മത് സ്മൃതിദിനം കാഞ്ഞങ്ങാട്ടെ കലാ സാംസ്കാരിക വേദിയായ ക്രിയേറ്റീവ് കാഞ്ഞങ്ങാട് നടത്തിയ വയലാർ അനുസ്മരണവും വയലാർ കവിതാ പുരസ്കാര സമർപ്പണ ചടങ്ങും വേറിട്ട പരിപാടികളാൽ ശ്രദ്ധേയമായി. ഹോസ്ദുർഗ്ഗ് സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന പരിപാടികൾ കാസർഗോട് പാർലിമെന്റ് അംഗം രാജ്മോഹൻ ഉണ്ണിത്താൻ ഉൽഘാടനം ചെയ്ത വയലാർ അനുസ്മരണ പ്രഭാഷണം നടത്തി. ക്രിയേറ്റീവ് പ്രസിഡണ്ട് സുകുമാർ ആശീർവാദ് അദ്ധ്യക്ഷനായി. ക്രിയേറ്റീവ് സെക്രട്ടറി വിനോദ് ആവിക്കര സ്വാഗതം പറഞ്ഞു. ഡോ: പി.മഞ്ജുള വയലാർ കവിതാ പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി.
വയലാർ കവിതാ രചനാ മൽസരത്തിൽ വിജയം നേടിയ വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി വിദ്യാലയത്തിലെ ശിവദ കൂക്കളിന് കോഴിക്കോട്-കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലറും ക്രിയേറ്റിവിന്റെ രക്ഷാധികാരിയുമായ ഡോ:ഖാദർ മാങ്ങാട് വയലാർ പുരസ്കാരം സമർപ്പിച്ചു. വയലാർ കവിതാ മൽസരത്തിൽ രണ്ടും മൂന്നും സമ്മാനങ്ങൾ ലഭിച്ച ഗവ:എച്ച് എസ് എസ് ബല്ല ഈസ്റ്റിലെ തന്മയ മേലത്ത്, കൊളത്തൂർ ഗവ.എച്ച് എസ് എസിലെ ടി.നിവേദ്യ എന്നിവരെയും ഡോ: ഖാദർ മാങ്ങാട് അനുമോദിച്ചു. ക്രിയേറ്റീവ് കാഞ്ഞങ്ങാടന്റെ പുതിയ അംഗങ്ങൾക്കായി ഏർപ്പെടുത്തിയ മെമ്പർഷിപ്പ് ക്യാമ്പായിൽ അംഗത്വ വിതരണം പ്രശസ്ത ഗായകനും സംഗീത സംവിധായകനും ക്രിയേറ്റീവിന്റെ ഉപദേഷ്ടാവുമായ സംഗീത രത്നം ഡോ:കാഞ്ഞങ്ങാട് രാമചന്ദ്രൻ ശ്രീമതി കുമാരി നമ്പ്യാർ,ശ്രീമതി മല്ലിക രാജൻ എന്നിവർക്ക് നൽകി നിർവ്വഹിച്ചു. എഴുത്തുകാരൻ സുകുമാരൻ പെരിയച്ചൂർ, എ.ഹമീദ് ഹാജി,(ക്രിയേറ്റീവ് എക്സിക്യൂട്ടിവ് അംഗം )കാഞ്ഞങ്ങാട് പ്രസ് ഫോറം പ്രസിഡണ്ട് ഫസലു റഹിമാൻ,മാധ്യമ പ്രവർത്തകരായ ടി.മുഹമ്മദ് അസ്ലാം,ഇ.വി.ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. ക്രിയേറ്റീവ് ട്രഷറർ സത്താർ ആവിക്കര നന്ദി പ്രകാശിപ്പിച്ചു. വയലാർ ഗാനങ്ങൾ ആസ്പദമാക്കി ആനന്ദാശ്രമം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ: കെ.വിദ്യ അവതരിപ്പിച്ച നൃത്താവിഷ്കാരം ആസ്വാദക മനസിനെ വിസ്മയിപ്പിച്ചു.തുടർന്ന് പ്രശസ്ത ഗായകൻ എ.എം.അശോക് കുമാറിന്റെ നേതൃത്വത്തിൽ അരങ്ങേറിയ വയലാർ സ്മൃതി ഗീതങ്ങളും ഏറെ ശ്രദ്ധേയമായി.
