നാട്ടുഭാഷകളാണ് മാതൃഭാഷയുടെ ചൈതന്യം: ഡോ:അംബികാസുതൻ മാങ്ങാട് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ജില്ല കമ്മിറ്റി മാതൃഭാഷാ ദിനാചരണം നടത്തി

കാഞ്ഞങ്ങാട്: നാട്ടുഭാഷകളുടെ സമൃദ്ധിയെ കൂടി ഉൾക്കൊണ്ടു വേണം മാതൃഭാഷാ ദിനങ്ങൾ ആചരിക്കാനെന്ന് ഡോ:അംബികാസുതൻ മാങ്ങാട് പറഞ്ഞു. കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ( കെ എസ് എസ് പി യു ) ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാതൃഭാഷാ ദിനാചരണം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.bസപ്തഭാഷാ സംഗമ ഭൂമിയായ കാസർഗോഡ് ചേതോഹരമായ നൂറുകണക്കിന് നാട്ടുഭാഷാപദങ്ങളുടെ സ്വർണഖനിയാണ്, മലയാളം അതിവേഗം ലോകഭാഷയായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഈ നാട്ടുവാക്കുകൾ കൂടുതലും നഷ്ടപ്പെടുന്ന സാഹചര്യം സംജാതമായിട്ടുണ്ട്. നമ്മുടെ സ്വത്വത്തിന്റെ് നാരായ വേരുകളാണ് പ്രാദേശിക ഭാഷ എന്ന തിരിച്ചറിവ് ഭരണകൂടത്തിനും അധ്യാപകർക്കും എഴുത്തുകാർക്കും ഉണ്ടാവണം. മലയാളം എന്ന ഭാഷയുടെ പേരിൽ രൂപീകരിക്കപ്പെട്ട കേരളം വിവിധങ്ങളായ നാട്ടുഭാഷകളെ മുഴുവൻ സംരക്ഷിക്കാൻ ഉതകുന്ന പദ്ധതികൾക്ക് രൂപം കൊടുക്കേണ്ടതാണ് എന്നും അംബികാസുതൻ പറഞ്ഞു. കാഞ്ഞങ്ങാട് കാരാട്ട് വയൽ ജില്ല പെൻഷൻ ഭവനിൽ നടന്ന പരിപാടിയിൽ കെ എസ് എസ് പി യു ജില്ല പ്രസിഡണ്ട് കെ.ജയറാം പ്രകാശ് അദ്ധ്യക്ഷനായി. ജില്ല സെക്രട്ടറി പി.കുഞ്ഞമ്പു നായർ സ്വാഗതം പറഞ്ഞു. ഡോ: പ്രമീള മാധവ് ചേവാർ മുഖ്യപ്രഭാഷണം നടത്തി. കെ എസ് എസ് പി യു സംസ്ഥാന വൈസ് പ്രസിഡണ്ട് പി.സി.പ്രസന്ന,സംസ്ഥാന കമ്മിറ്റി അംഗം കെ.സുജാതൻ എന്നിവർ സംസാരിച്ചു. കെ എസ് എസ് പി യു ജില്ല ജോ:സെക്രട്ടറി പി.വി.ശ്രീധരൻ നന്ദി രേഖപ്പെടുത്തി.
