പത്താമുദയം വരവായി: കോലത്തുനാട്ടിൽ ഇനി ഉത്സവനാളുകൾ

Share

പാലക്കുന്ന് : തുലാം പിറന്നതോടെ കോലത്ത് നാട്ടിലെ കഴകങ്ങളിലും ക്ഷേത്രങ്ങളിലും കാവുകളിലും പത്താമുദയത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. തുലാംപത്ത് മുതൽ കോലധാരികളും വെളിച്ചപ്പാടുകളും ചെണ്ടമേളക്കാരും കളിയാട്ടങ്ങളുടെയും തെയ്യാട്ടങ്ങളുടെയും തിരക്കിലായിരിക്കും. വടക്കൻ കേരളം ഭക്തിയോടെ ആചരിച്ചു വരുന്ന അനുഷ്ഠാനോദയത്തിന് ഇനി പത്ത് നാളുകൾ കാത്തിരിക്കണം. അതിന് മുന്നോടിയായുള്ള കുലകൊത്തൽ ചടങ്ങ് വിവിധ ക്ഷേത്രങ്ങളിൽ തുലാസംക്രമ നാളായ വെള്ളിയാഴ്ച്ച നടന്നു. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ കുലകൊത്തി നടത്തുന്ന ആദ്യത്തെ ഉത്സവമാണ് പത്താമുദയം. അതിന് മുന്നോടിയായി തുലാസംക്രമ ദിനമായ വെള്ളിയാഴ്ച്ച ഭണ്ഡാരവീട്ടിൽ കുലകൊത്തൽ ചടങ്ങ് നടന്നു. ഒൻപതാം നാളായ 26 ന് രാത്രി ഭണ്ഡാരവീട്ടിൽ നിന്ന് കെട്ടിച്ചുറ്റിയ നർത്തകന്മാരും തിടമ്പുകളും തിരുവായുധങ്ങളുമായി എഴുന്നള്ളത് ക്ഷേത്രത്തിലേക്ക് പുറപ്പെടുന്നതോടെയാണ് ഉത്സവത്തിന് തുടക്കം. 27 നാണ് പുത്തരിസദ്യ. അന്ന് രാവിലെ നിവേദ്യ സമർപ്പണത്തിന് ശേഷം പത്താമുദയ എഴുന്നള്ളത്തും അനുബന്ധ ചടങ്ങുകളും നടക്കും. പുത്തരിസദ്യ ഉണ്ണാൻ ആയിരങ്ങൾ അന്ന് പാലക്കുന്നിലെത്തും. അന്നദാനത്തിന് പേരുകേട്ട ക്ഷേത്രത്തിൽ ഏറ്റവും കൂടുതൽ ഭക്തർക്ക് പുത്തരി സദ്യ വിളമ്പുന്ന ഉത്സവമെന്ന പ്രത്യേകത തുലാ പത്തിനുണ്ട്. 27 ന് വൈകീട്ടോടെ ഭണ്ഡാര വീട്ടിലേക്കുള്ള തിരിച്ചെഴുന്നള്ളത്തോടെ ഉത്സവം സമാപിക്കും.

Recent News

Back to Top