നാളെ മുതല്‍ ജിഎസ്ടിയില്‍ മാറ്റം; വില കുറയാന്‍ പോകുന്ന വസ്തുക്കള്‍ ഇവ, മദ്യത്തിന് വില കൂടും!

നാളെ മുതല്‍ രാജ്യത്ത് ജിഎസ്ടി (ചരക്ക് സേവന നികുതി) പരിഷ്‌കാരങ്ങള്‍ നടപ്പിലാകാന്‍ പോകുകയാണ്. രാജ്യത്തെ പരോക്ഷ നികുതിയില്‍ ചരിത്രപരമായ മാറ്റമാണിത്.നേരത്തെയുണ്ടായിരുന്ന നാല് സ്ലാബിന് പകരം രണ്ട് സ്ലാബ് ജിഎസ്ടിയാണ് ഇനി ഈടാക്കുക. ഇത് പ്രകാരം 5 ശതമാനത്തിന്റെയും 18 ശതമാനത്തിന്റെയും രണ്ട് സ്ലാബുകളും പാപ വസ്തുക്കള്‍ക്ക് 40 ശതമാനത്തിന്റെ പ്രത്യേക സ്ലാബും ഇതില്‍ ഉള്‍പ്പെടുന്നു.
സെപ്റ്റംബര്‍ ആദ്യമാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ നേതൃത്വത്തിലുള്ള ജിഎസ്ടി കൗണ്‍സില്‍ പരോക്ഷ നികുതി സമ്ബ്രദായത്തില്‍ ഒരു പ്രധാന പരിഷ്‌കരണം പ്രഖ്യാപിച്ചത്. സ്ലാബുകള്‍ ലളിതമാക്കുക, ഉപഭോഗം വര്‍ധിപ്പിക്കുക, നിരക്കുകള്‍ യുക്തിസഹമാക്കുക എന്നിവ ലക്ഷ്യമിട്ടായിരുന്നു ഇത്. പുതിയ പദ്ധതി പ്രകാരം, നാല് സ്ലാബുകളും രണ്ട് പ്രധാന വിഭാഗങ്ങളായി ലയിപ്പിച്ച് ഒരു അധിക ‘പാപ നികുതി’ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു.
ഇതിന്റെ ഭാഗമായി അവശ്യവസ്തുക്കള്‍ 5% സ്ലാബിന് കീഴിലും മറ്റ് മിക്ക സാധനങ്ങളും സേവനങ്ങളും 18% സ്ലാബിന് കീഴിലും വരും.ആഡംബര, പാപ വസ്തുക്കള്‍ക്ക് അതായത് പുകയില, മദ്യം, വാതുവയ്പ്പ്, ഓണ്‍ലൈന്‍ ഗെയിമിംഗ് എന്നീ ഉല്‍പ്പന്നങ്ങള്‍ക്ക് 40% സ്ലാബും ഏര്‍പ്പെടുത്തും. ഈ ഏകീകരണം നികുതി പാലിക്കല്‍ എളുപ്പമാക്കുമെന്നും നിലവില്‍ 12% അല്ലെങ്കില്‍ 28% നികുതി ചുമത്തുന്ന പല വസ്തുക്കളുടെയും വില കുറയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു.
എഫ്‌എംസിജി മുതല്‍ ഓട്ടോ വരെയുള്ള നിരവധി മേഖലകള്‍ ജിഎസ്ടി കുറയ്ക്കുന്നതിന്റെ ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുമെന്ന് നേരത്തെ പ്രഖ്യാപിച്ചതിനാല്‍ സെപ്റ്റംബര്‍ 22 മുതല്‍ അവശ്യവസ്തുക്കളുടെ വില കുറയും.
