ആയിരംപാദസരങ്ങൾ സംസ്‌കൃതത്തിൽ പാടി വെള്ളിക്കോത്ത് സ്വദേശി: വൈറലാക്കി സോഷ്യൽ മീഡിയ

കാഞ്ഞങ്ങാട് : ആയിരം പാദസരങ്ങൾ കിലുങ്ങി എന്ന പ്രശസ്തമായ ചലച്ചിത്രഗാനത്തിന്റ സംസ്‌കൃതം വേർഷൻ പാടി സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ് വെള്ളിക്കോത്ത് സ്വദേശിയായ പ്രശസ്ത ഗായകൻ പി വിശ്വംഭരൻ.
വയലാർ രാമവർമ രചിച്ച് യേശുദാസ് ആലപിച്ച ഈ ഐതിഹാസിക ഗാനം മലയാള സിനിമാഗാന ചരിത്രത്തിലെ നിത്യവിസ്മയങ്ങളിലൊന്നാണ്. 1969 ൽ പുറത്തിറങ്ങിയ നദി എന്ന സിനിമയിലെ ഗാനമാണ് ഇത്. സംസ്‌കൃതഗാന രചയിതാവ് നെന്മേനി കേശവൻ രചിച്ച ഗാനമാണ് യേശുദാസിന്റെ കടുത്ത ആരാധകൻ കൂടിയായ വിശ്വംഭരൻ വെള്ളിക്കോത്ത് ആലപിച്ചത്. ദുബായിലെ ജോലിത്തിരക്കുകൾക്കിടയിലും സംഗീതത്തെ കൈവിടാത്ത ഇദ്ദേഹത്തിന്റെ സ്വരമാധുരിയും സമർപ്പണവും ആസ്വാദകർ സ്വീകരിക്കുക തന്നെ ചെയ്തു എന്നതിന് തെളിവാണ് സോഷ്യൽ മീഡിയ നൽകിയ അംഗീകാരം.
കോവിഡ് ലോക് ഡൗൺ സമയത്ത് സുഹൃത്തും പ്രശസ്ത ചിത്രകാരനുമായ ഇ വി അശോകനാണ് ഈ ഗാനം അയച്ചുകൊടുത്തതും പാടി റെക്കോർഡ് ചെയ്യാൻ പ്രേരിപ്പിച്ചതും. വിപുലമായ സജ്ജീകരണങ്ങളോ വലിയ സാങ്കേതിക പിന്തുണയോ കാര്യമായ റിഹേഴ്‌സലുകളോ ഒന്നുമില്ലാതെ പാടിയിട്ടും പാട്ടിനെ ഗായകൻ നെഞ്ചോടു ചേർത്തുവച്ചതു പോലെ ആസ്വാദകരും നെഞ്ചിലേറ്റി. സംഗീത നിരൂപകൻ ജാബിർ പാട്ടില്ലത്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പു കൂടി വന്നതോടെ പാട്ട് കൂടുതൽ ആസ്വാദകർക്ക് ഒപ്പം സംഗീതപണ്ഡിതരും ശ്രദ്ധിച്ചു. പാശ്ചാത്യ രാജ്യങ്ങളിൽ നിന്നു പോലും ഇദ്ദേഹത്തിന് അഭിനന്ദനങ്ങൾ ലഭിച്ചു. വെള്ളിക്കോത്തെ പരേതരായ പുറവങ്കര കൃഷ്ണൻ നായരുടെയും പനയന്തട്ട നാരായണി അമ്മയുടെയും മകനാണ് വിശ്വംഭരൻ. പരേതനായ കുണ്ടുവളപ്പിൽ നാരായണ ഭാഗവതരാണ് സംഗീത പഠനം തുടങ്ങിയത്. വെള്ളിക്കോത്ത് വിഷ്ണുഭട്ട്, കാഞ്ഞങ്ങാട് രാമചന്ദ്രൻ, ടി.പി. ശ്രീനിവാസൻ എന്നിവർക്ക് കീഴിൽ പഠനം തുടർന്നു. ഇപ്പോഴും പഠനം തുടരുകയും ചെയ്യുന്നു. ഭാര്യ പ്രതിഭ വിശ്വംഭരൻ, മക്കളായ കാളിദാസൻ, വിശ്വപ്രഭ എന്നിവരെല്ലാം കലാ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.
….
.
ഫോട്ടോ- വിശ്വംഭരൻ വെള്ളിക്കോത്ത്.
വീഡിയോ – വിശ്വംഭരൻ വെള്ളിക്കോത്ത് ആയിരം പാദസരങ്ങൾ എന്ന ഗാനത്തിന്റെ സംസ്കൃതം വേർഷൻ പാടുന്നു.
……
കൂടുതൽ വിവരങ്ങൾക്ക്: 9605384128.
