തുളുനാടൻ കളരി മർമ്മശ്രമത്തിന് ദേശീയ അംഗീകാരം: ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ചവിട്ടി പൊങ്ങലിൽ സിദ്ധാർത്ഥ് ഗോൾഡ് മെഡൽ കരസ്ഥമാക്കി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ആസ്ഥാനമായുള്ള തുളുനാടൻ കളരി മർമ്മശ്രമത്തിൽ നിന്ന് ദേശീയതലത്തിൽ നടന്ന 18-ാമത് കളരിപ്പയറ്റ് മത്സരത്തിൽ പങ്കെടുത്ത സിദ്ധാർത്ഥ് കെ. എന്ന മത്സരാർത്ഥിക്ക് ചവിട്ടിപ്പൊങ്ങൽ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. തുളുനാടൻ കളരിയിൽ നാലാം വയസ്സിൽ രത്നാകരൻ ഗുരുക്കളുടെ കീഴിൽ പരിശീലനം ആരംഭിച്ച സിദ്ധാർത്ഥ്, തന്റെ പതിനൊന്ന് വർഷത്തെ പരിശീലനത്തിലൂടെയാണ് നാഷണൽ ചാമ്പ്യനായത്.
ജന്മനാ ഇടതു കൈയുടെ സ്വാധീനക്കുറവ് മൂലം ഇടതുകൈ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു സിദ്ധാർത്ഥ്. ഇത് ശരിയാക്കുവാൻ മംഗലാപുരം ഉൾപ്പെടെ ചികിത്സ തേടിയപ്പോൾ പൂർണ്ണമായും ഭേദമാക്കാൻ കഴിയില്ല എന്നും ഒന്നിലധികം സർജറികളിലൂടെ മാത്രമേ ഇതൊരു പരിധിവരെയെങ്കിലും പരിഹരിക്കുവാൻ കഴിയുകയുള്ളൂ എന്നും പറഞ്ഞു. ഇത് തടവി നേരെയാക്കുവാൻ കഴിയുമോ എന്നറിയുവാൻ നാലാം വയസ്സിൽ സിദ്ധാർത്ഥിനെയും കൂട്ടി അച്ഛൻ കാഞ്ഞങ്ങാട് തുളുനാടൻ കളരി മർമ്മശ്രമത്തിൽ എത്തി. എന്നാൽ ഇത് തടവി നേരെയാക്കാൻ പറ്റില്ല, കളരി അഭ്യാസ മുറകളിലൂടെ അത് ശരിയായികൊള്ളും എന്ന രത്നാകരൻ ഗുരുക്കളുടെ നിർദ്ദേശപ്രകാരം പിറ്റേന്ന് മുതൽ കളരി പരിശീലനം ആരംഭിച്ചു.
കളരി പരിശീലനം ആരംഭിച്ചതിനുശേഷം പിന്നീട് സംഭവിച്ചത് അത്ഭുതമായിരുന്നു. തുടർച്ചയായ പരിശീലനത്തിലൂടെ സിദ്ധാർത്ഥിന്റെ കൈ 95 ശതമാനവും നേരെയാവുകയും കൂടാതെ സിദ്ധാർത്ഥ് നല്ലൊരു കളരി അഭ്യാസിയായി മാറുകയും ചെയ്തു. ഇതിനിടയിൽ പല മത്സരങ്ങളിൽ പങ്കെടുക്കുകയും പലവട്ടം സംസ്ഥാന മത്സരങ്ങളിൽ പങ്കെടുക്കുവാനും സാധിച്ചു. 2025 ഡിസംബറിൽ നടന്ന സംസ്ഥാന മത്സരത്തിലും തുടർന്ന് 2026 മാർച്ച് 27, 28, 29 തീയതികളിൽ നടന്ന ദേശീയ മത്സരത്തിലും ചാമ്പ്യനാവുകയും ചെയ്തു. ബല്ല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്ന സിദ്ധാർത്ഥ് കാരാട്ട് വയലിലെ സുരേഷ്, രജിത ദമ്പതികളുടെ മകനാണ്.
പടം:2026 ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ ചവിട്ടി പൊങ്ങലിൽ ഗോൾഡ് മെഡൽ നേടിയ സിദ്ധാർത്ഥ്
