സാഹിത്യം തീണ്ടാത്ത ഒരു കഥ എക്കാലത്തും എന്റെ സ്വപ്നമായി തുടരുന്നു’: മനോജ് വെങ്ങോല

Share

പൊട്ടയ്ക്കക്കാരുടെ മറ്റപ്പോക്കുകണ്ടത്തില്‍ കാളപൂട്ടാന്‍ പോകുമ്പോള്‍ അച്ഛന്‍ എന്നെയും കൂടെകൂട്ടി. ഒന്നിനുമല്ല. വെറുതെ വരമ്പത്ത് ഇരിക്കാനാണ്. അച്ഛന്‍ പറയുന്ന ഓരോ കാര്യങ്ങള്‍ കേട്ടുമൂളാന്‍ ഒരാള്‍. ഒരു കൂട്ട്. ഒരു കേള്‍വിക്കാരന്‍.
ഇടവത്തിലെ നിര്‍ത്തില്ലാത്ത മഴയില്‍ പോഴിയും പിരിയന്‍കുളങ്ങരയും കല്ല്യേലിയും മുങ്ങിയപ്പോള്‍, അവയുടെ കൈത്തോടുകളില്‍ മീന്‍വെട്ടാനും ഞാന്‍ അച്ഛനൊപ്പം പോയി. തുലാവര്‍ഷത്തിന്റെ വരവറിയിച്ചുകൊണ്ട് ആദ്യഇടിമുഴക്കം ഭൂമിയെ നടുക്കിയപ്പോള്‍ കുന്നത്തുകുടിക്കാരുടെ എടണക്കാട്ടില്‍ കൂണുകള്‍ പൊങ്ങിയിട്ടുണ്ടോ എന്നറിയാന്‍ ഞങ്ങളിരുവരും കുറേ തിരഞ്ഞുനടന്നിട്ടുണ്ട്. അപ്പോഴോക്കെയും അച്ഛനിങ്ങനെ ഓരോ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കും. ഒക്കെയും കഥകളാണ്. അതില്‍ മനുഷ്യരും മൃഗങ്ങളും പക്ഷികളും ഭൂതങ്ങളും പ്രേതങ്ങളും ഉണ്ടാകും. അതുകേള്‍ക്കാന്‍ ഭയങ്കര രസമായിരുന്നു.

Back to Top