മിന്നല്‍ പ്രളയം; പാകിസ്താനില്‍ എങ്ങും ദുരിതക്കാഴ്ച, വീടുകളും റോഡുകളും പാലങ്ങളും തകര്‍ന്നു

ഇസ്ലാമാബാദ്: പാകിസ്താനില്‍ കനത്ത മഴയിലും പ്രളയത്തിലും ദുരിതത്തിലായത് 33 ലക്ഷത്തോളം പേര്. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങള്‍ പ്രളയക്കെടുതി നേരിടുകയാണ്. ഔദ്യോഗികക്കണക്കനുസരിച്ച് 982 പേര്‍ക്ക് ജീവഹാനി സംഭവിച്ചു. 1,456 പേര്‍ക്ക് പരിക്കേറ്റു, ഏഴ് ലക്ഷത്തിലധികം വീടുകള്‍ തകരുകയോ കേടുപാട് സംഭവിക്കുകയോ ചെയ്തിട്ടുണ്ട്. 3,000 കിലോമീറ്ററിലധികം റോഡുകളും 150 പാലങ്ങളും തകര്‍ന്നു.
അപ്രതീക്ഷിതമായുണ്ടായ മിന്നല്‍പ്രളയത്തില്‍ രാജ്യത്തിന്റെ പകുതിയിലധികം ഭാഗം വെള്ളത്തിനടിയിലാണെന്നും ലക്ഷക്കണക്കിനാളുകള്‍ ഭവനരഹിതരാണെന്നും പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. 5.7 ദശലക്ഷം പേര് ഭക്ഷണമോ കിടപ്പാടമോ ഇല്ലാതെ ബുദ്ധിമുട്ടനുഭവിക്കുകയാണ്. നിലവില്‍ ബലൂചിസ്താന്‍, സിന്ധ്, ഖൈബര്‍-പാഖ്തംഗ്വ പ്രവിശ്യകളില്‍ തുടര്‍ച്ചയായ മഴയും കെടുതിയും തുടരുകയാണ്. സിന്ധ്, ബലൂചിസ്താന്‍ എന്നിവടങ്ങളാണ് ഏറ്റവുമധികം ബാധിക്കപ്പെട്ട മേഖലകള്‍. മിക്കയിടങ്ങളിലും തീവണ്ടി ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്. പ്രതികൂലകാലാവസ്ഥയെ തുടര്‍ന്ന് പല വിമാനസര്‍വീസുകളും റദ്ദാക്കി.