പട്ടയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന ഉത്തരവിന് സ്റ്റേ ഇല്ല; സംസ്ഥാന സർക്കാരിന് നോട്ടീസ്

ന്യൂഡല്‍ഹി: പട്ടയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. അതേസമയം ക്വാറി ഉടമകളുടെ ഹര്‍ജിയില്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചു. മൂന്ന് ആഴ്ചയ്ക്കുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു.
കേരള ഹൈക്കോടതി ഉത്തരവിനെതിരെ ക്വാറി ഉടമകളായ പോബ്സ് ഗ്രാനൈറ്റ്സ്, റാഫി ജോണ്‍ എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഭൂപതിവ് നിയമപ്രകാരം സര്‍ക്കാര്‍ പട്ടയം നല്കിയ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നായിരുന്നു ഹൈക്കോടതി വിധി. ക്വാറി ഉള്‍പ്പടെ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പട്ടയ ഭൂമി തിരിച്ചെടുക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ ഉദ്യോഗസ്ഥര്‍ക്ക് സ്വീകരിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഈ വിധി ചോദ്യം ചെയ്താണ് ക്വാറി ഉടമകള്‍ സുപ്രീം കോടതിയെ സമീപിച്ചത്.